Kerala
കായംകുളം: പുല്ലുകുളങ്ങരയിലും, ഐക്യജംഗ്ഷനിലും പന്ത്രണ്ടോളം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.
നാലുമാസം പ്രായമായ കുഞ്ഞിനും സ്കൂൾ വിദ്യാർഥിനികളും ഉൾപ്പടെ 12 പേർക്കാണ് ഇതുവരെ നായയുടെ കടിയേറ്റത്. ജനങ്ങളെ ആക്രമിച്ച് ഭീതി വിതച്ച തെരുവ് നായയെ ഐക്യജംഗ്ഷൻ പുളിമുക്ക് ഭാഗത്ത് തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി.
Kerala
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
ആലപ്പുഴ: നഗരസഭാ തിരുമല വാർഡിൽ ഏഴിലധികം പേരെ നായ കടിച്ചു. ഞായർ രാവിലെ മുതൽ വ്യത്യസ്ത സമയങ്ങളിലായാണ് അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ വിവിധയിടങ്ങളിൽനിന്ന് പ്രദേശവാസികൾക്കും അല്ലാത്തവർക്കും കടിയേറ്റത്. കറുത്ത നിറത്തിലുള്ള നായയാണ് എല്ലാവരെയും കടിച്ചത്.
കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകിട്ട് 5.15ന് പുരവഞ്ചിയിൽ സ്രാങ്കായി ജോലിചെയ്യുന്ന കോമളപുരം തറവെളിയിൽ തങ്കച്ചൻ(65), 6.30ന് തിരുമല വാർഡിൽ കുഞ്ഞുമോൻ, 7.15ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർ തിരുമല വാർഡിൽ മേടയിൽ ട്രീസ തോമസ്, വിദ്യാർഥിയായ പുത്തൻപുരയ്ക്കൽ വീട്ടിൽ അലൻ ആന്റണി(18), 6.30ന് പ്ലംബർ അജി (50), ഉച്ചയ്ക്ക് മുമ്പ് കൊച്ചി സ്വദേശിയായ ടാക്സി ഡ്രൈവർ, വിനോദ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തിയ കർണാടക സ്വദേശി എന്നിവർക്കാണ് കടിയേറ്റത്.
കൂടുതൽ പേർക്ക് കടിയേറ്റിട്ടുണ്ടെന്നും വിവരങ്ങൾ ലഭ്യമല്ലെന്നും നാട്ടുകാർ പറഞ്ഞു. തെരുവുനായ ശല്യത്തെക്കുറിച്ച് നിരന്തരമായി പരാതി ഉയർന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്നും കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞു. കഴിഞ്ഞ ദിവസം കൈതവന വാർഡിൽ മൂന്ന് തെരുവ് നായകൾ പ്രദേശ വാസികളെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു.
നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വിനോദസഞ്ചാരകേന്ദ്രമായ പുന്നമടയും റെയിൽവേസ്റ്റേഷനും എസ്ഡിവി സ്കൂൾ പരിസരവും ബീച്ചും തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നായ്ക്കൾ സ്ഥിരമായി ആക്രമിക്കുന്നസ്ഥിയുണ്ട്. നായ്ക്കൾ കടികൂടുന്നതും വാഹനങ്ങൾക്ക് മുന്നിലേക്ക് ഓടിക്കയറുന്നതും യാത്രക്കാർക്കടക്കം പ്രശ്നമാകുന്നു. ബീച്ചിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ ശല്യമുണ്ട്.
തെരുവുനായ വിഷയത്തിൽ നഗരസഭയ്ക്ക് ഇതുവരെ ഇടപെടൽ നടത്താൻ സാധിച്ചിട്ടില്ല. തെരുവുനായ വിഷയം ചർച്ചചെയ്യാനായി മൃഗസ്നേഹികളുടെ പ്രതിനിധികളുമായി നഗരസഭ ചർച്ച നടത്തുകയും കൗൺസിൽ യോഗം ചേർന്നിട്ടും തീരുമാനങ്ങൾ എടുത്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.
Kerala
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് എസ്. സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് എസ്. സിരിജഗന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരികെ വിളിച്ചു. പുതിയ പരാതികളും അപേക്ഷയിലുള്ള പരാതികളും ജില്ലാ ലീഗൽ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്.
പതിനായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെത്തിയത്. ഇതില്‍ വെറും 1144 അപേക്ഷകള്‍ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളൂ. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ പ്രതീക്ഷ നിലവില്‍ അസ്തമിച്ച അവസ്ഥയിലാണ്.
2016 ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാനസര്‍ക്കാര്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
2001ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരേ കേരളത്തില്‍നിന്നുള്‍പ്പെടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്കി.
സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മേയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജുഡീഷല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി കമ്മിറ്റി. ഒട്ടേറെ അപേക്ഷയില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്. അവിടെനിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍.
അധികാരം നഷ്ടമായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ അപേക്ഷയിലുള്ള ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആകസ്മികമായി കമ്മീഷന് അധ്യക്ഷന്‍ സിരിജഗന് മരിക്കുന്നത്.
National
ന്യൂഡൽഡഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ കേസിൽ അതീവ നിർണായകവും കർശനവുമായ ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്നതും അപകടകാരികളായതുമായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെതിരെ മൃഗസ്നേഹികൾ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.
മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൊതുസുരക്ഷ മുൻനിർത്തി തെരുവുനായകൾക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇവർക്കെതിരെ ക്രിമിനൽ നടപടികളോ കേസുകളോ പാടില്ല. നടപടികൾക്ക് തടസം നിൽക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുയിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം. നായകളെ പിടികൂടുന്നിടത്ത് തന്നെ തിരികെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാനും കോടതി വിസമ്മതിച്ചു. ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്ററുകൾ ഉറപ്പാക്കണം. പേവിഷബാധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണം. നായ കടിയേറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കണം. ദേശീയപാതകൾ, എക്സ്പ്രസ് വേകൾ, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കം ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.
മേൽനോട്ടത്തിന് ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ച്
സുപ്രീംകോടതി ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ഹൈക്കോടതികളിലും രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ ഈ വിവരങ്ങൾ നവംബർ 17-നകം സുപ്രീംകോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കേണ്ടതുണ്ട്.
Kerala
കൊല്ലം: തെരുവുനായയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരാണ് പ്രതികൾ.
ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ. സുനിൽകുമാർ, ദേവിലക്ഷ്മി, അംജിത, ജയസൂര്യ എന്നിവരെ പ്രതിചേർത്താണ് പുനലൂർ പോലീസ് മെഡിക്കൽ നെഗ്ലിജൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 106 - 1, 238, 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കുട്ടിയുടെ അമ്മ ഹബീറയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ കുന്നിക്കോട് സ്വദേശിനിയായ കുട്ടിയുമായി ചികിത്സതേടി ഹബീറ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ എന്നിവർ ഉദാസീനതയോടെയും അശ്രദ്ധയോടെയും കുട്ടിയെ പരിചരിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
നായയുടെ കടിയേറ്റവർക്ക് നൽകുന്ന ഇമ്മ്യൂണോഗ്ലോബിൻ ഇഞ്ചക്ഷൻ എടുത്തതിൽ അടക്കം പിഴവ് വരുത്തിയതായി പരാതി ഉയർന്നിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമായതെന്ന് ആക്ഷേപത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. രോഗം മൂർച്ഛിച്ച് മേയ് അഞ്ചിനാണ് നീയ ഫൈസൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാവ് ആശുപത്രിയിൽ വിവരാവകാശം നൽകിയിട്ടും കൃത്യമായി ഇതു നൽകാൻ നാലാം പ്രതിയായ ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ തയാറായില്ല. പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കുന്നതിനായി ചികിത്സ പിഴവുകൾ മറച്ചുവച്ച് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് പ്രവർത്തിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
Kerala
ചേർപ്പ്: തെരുവുനായയുടെ ആക്രമണത്തെതുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ചേനം പുതുപ്പുള്ളി പരേതനായ കൊച്ചക്കന്റെ മകൻ ദേവദാസ് (67) ആണ് മരിച്ചത്.
അമ്മാടം സർവീസ് സഹകരണ ബാങ്ക് ചേനം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രി ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ ചേനം ക്ഷീരസംഘം പാൽ സൊസൈറ്റിക്കു മുന്നിൽ തെരുവുനായ ഓടിച്ചിരുന്നു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീഴുകയും ചെയ്തു.
പിന്നീട് വീട്ടിലെത്തിയശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ചേർപ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
അമ്മ: പരേതയായ ജാനകി. സഹോദരങ്ങൾ: പരേതനായ ധർമദാസൻ, സോമൻ, സനാതനൻ, അജയഘോഷ്, പരേതയായ ലീല, വസുമതി, പത്മാവതി, പ്രേമലത.
Kerala
ആലപ്പുഴ: പൂച്ചാക്കലിൽ താറാവിൻ കൂട്ടിൽ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു. പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് കുമാറ് വീട്ടിൽ വളർത്തിയ താവുകളെയാണ് തെരുവ് നായ കടിച്ചു കൊന്നത്.
പത്തോളം താറാവിനെ കാണാതായിട്ടുണ്ട്. ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച കൂടിന്റെ കമ്പികൾ ദ്രവിച്ച ഭാഗത്തിലൂടെയാണ് തെരുവ് നായ അകത്ത് കയറിയത്. രാവിലെ തീറ്റ കൊടുക്കാൻ വന്നപ്പോഴാണ് ചത്ത് കിടക്കുന്ന താറാവുകളെ കണ്ടത്.
1000 താറാവുകളെയാണ് കർഷകൻ വളർത്തിയിരുന്നത്. കഴിഞ്ഞ ദിവസം 400 എണ്ണത്തിനെ കൊടുത്തിരുന്നതിനാൽ കൂട്ടിൽ താറാവിന്റെ എണ്ണം കുറവായിരുന്നു.
District News
നെന്മാറ: ബൈക്കിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഹോട്ടൽ ജീവനക്കാരനെ തെരുവുനായ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
വിത്തനശേരി വെള്ളറയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ബൈക്കിൽ പോകുകയായിരുന്ന നെന്മാറയിലെ ഊട്ടുപ്പുര ഹോട്ടൽ ജീവനക്കാരനായ ജയപ്രകാശ് (55) നെയാണ് തെരുവ് നായ ആക്രമിച്ചത്. വല്ലങ്ങി പുളിക്കത്തറയിലെ പുളിക്കൽ വീട്ടിൽ താമസിക്കുന്ന ജയപ്രകാശ് വീട്ടിലേക്ക് ഭക്ഷണം എത്തിക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് തെരുവുനായ പെട്ടെന്ന് ആക്രമിച്ചത്.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ വലതുകാലിന് സാരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻതന്നെ ജയപ്രകാശിനെ സമീപത്തെ നെന്മാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നെന്മാറ ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി സമയങ്ങളിൽ തെരുവ്നായകൾ കൂട്ടമായി സഞ്ചരിക്കുന്നതും വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നതുമാണ് നാട്ടുകാരുടെ ആരോപണം.
സ്കൂളിലേക്കും കോളജുകളിലേക്കും പോകുന്ന വിദ്യാർഥികൾക്കും രാത്രി സമയങ്ങളിൽ ജോലിക്കായി സഞ്ചരിക്കുന്നവർക്കും ഇത് വലിയ ഭീഷണിയാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാക്സിനേഷൻ, നിബന്ധനകൾക്ക് വിധേയമായ വന്ധ്യകരണ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Kerala
പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഏഴു പേരെ ആക്രമിച്ചതിന് പിന്നാലെ നാട്ടുകാർ തല്ലിക്കൊന്ന തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്.
Kerala
തൃപ്പൂണിത്തുറ: ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി. ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസിനാണ് (39) തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിനുമുന്നിൽ തിങ്കളാഴ്ച രാത്രി 12.30 ഓടെ ആയിരുന്നു സംഭവം.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്ന് രാത്രി ലോഡുമായി എരൂരിലെത്തിയതായിരുന്നു പൗലോസ്. ലോറി പാർക്ക് ചെയ്തു വാഹനത്തിനുള്ളിൽ കിടന്നതിനുപിന്നാലെ ഒരുകൂട്ടം നായ്ക്കൾ ലോറിക്കു താഴെ തമ്പടിച്ച് ഓരിയിടുകയും കടിപിടികൂടുകയും ചെയ്തു. ഇവയുടെ ബഹളം അസഹ്യമായതോടെ പൗലോസ് നായ്ക്കളെ ഓടിച്ചുവിട്ടു.
കൂട്ടമായി ഓടിപ്പോയ നായ്ക്കളിൽനിന്നും ഒരു നായ പെട്ടെന്ന് പിന്തിരിഞ്ഞോടി വന്ന് പൗലോസിന്റെ കാലിൽ കടിക്കുകയായിരുന്നു. ഇതിനിടെ താഴെ വീണു പോയ പൗലോസിനെ നായ ക്രൂരമായി ആക്രമിച്ചു. പൗലോസിന്റെ കീഴ്ച്ചുണ്ട് രണ്ടു കഷണമായി. വലതു കൈയിലെ മോതിരവിരലിന്റെ അറ്റം നായ കടിച്ചെടുത്തു. കാലിന്റെ മുട്ടിലും ആഴത്തിൽ കടിയേറ്റു.
ഒടുവിൽ മുഖത്ത് കടിച്ചുപിടിച്ച നായയുടെ വായ് വലിച്ചകറ്റി നായയെ കറക്കിയെറിഞ്ഞാണു രക്ഷപ്പെട്ടത്. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതരസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പൗലോസ് ഓടിയെത്തി കതകിൽ മുട്ടി അവരെ എഴുന്നേൽപ്പിക്കുകയായിരുന്നു.
നായയും പിന്നാലെയെത്തിയെങ്കിലും ആൾക്കൂട്ടത്തെ കണ്ടു പിന്മാറി. ഇവരാണു പിന്നീട് പൗലോസിനെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചത്. പ്രാഥമിക കുത്തിവയ്പുകൾക്കും ചികിത്സയ്ക്കും ശേഷം അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.വായ് മുറിഞ്ഞിരിക്കുന്നതിനാൽ ദ്രവരൂപത്തിലാണ് ഭക്ഷണം കഴിക്കുന്നത്. സംസാരിക്കാൻ കഴിയുന്നില്ല.
Kerala
തിരുവനന്തപുരം: മൂന്നുവയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു.
മുഖത്താകെ പരിക്കേറ്റ കുട്ടിയെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
District News
ചെമ്പ്: ചെമ്പ് പനങ്കാവിൽ മൂന്നുപേരെ കടിച്ച തെരുവുനായയെ കണ്ടെത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. പനങ്കാവിലും സമീപ സ്ഥലങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂന്നു വർഷമായി ചെമ്പ് പഞ്ചായത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ നടത്തിയിട്ടില്ല.
പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് മേടയിൽ വേലപ്പൻ, ഷീജ ജോസഫ്, മിനി സാബു എന്നിവർക്കാണ് കടിയേറ്റത്. ചെമ്പ് പഞ്ചായത്ത് അംഗം പി. ദീപുവിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത നായയാണ് ആക്രമണം നടത്തിയത്. നായ പ്രദേശത്തെ മറ്റ് നായകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
നിരവധി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്തുങ്കൽ ഭാഗത്തും പനങ്കാവ് ക്ഷേത്രത്തിന് സമീപവും നായശല്യം രൂക്ഷമാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ തെരുവുനായ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ദീപു പറഞ്ഞു.
Kerala
കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്കരിച്ചു.
ആരുടെ ചെലവിൽ
നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്സിനേഷന് എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
വ്യാപക ആക്രമണം
ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകന് ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.
District News
കണ്ണൂർ: പാറക്കണ്ടിയിൽ മൂന്നുപേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്നു പേരെ ഓടിച്ചിട്ടുകടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനിടെ നടന്ന സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മറ്റ് തെരുവ് നായകൾക്കും കടിയേറ്റിരുന്നു. കടിയേറ്റ നായകളെ കണ്ടെത്തി ഉടൻ വാക്സിനേഷൻ ഉറപ്പാക്കാൻ കോർപറേഷൻ തയാറാകണമെന്ന് ഐആർപിസി വൈസ് ചെയർമാൻ പി.എം. സാജിദ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ വാദം തുടരുന്നതിനിടയിലാണു നിരീക്ഷണം. നായപ്രേമികളുടെയും സംസ്ഥാനങ്ങളുടെയും അതിക്രമം നേരിട്ടവരുടെയും ഉൾപ്പെടെ വിശദമായ വാദമാണ് മൂന്നംഗ ബെഞ്ചിന് മുന്നിൽ നടക്കുന്നത്.
സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ചില കണക്കുകളിലും സുപ്രീംകോടതി ഇന്നലെ ആശ്ചര്യം പ്രകടിപ്പിച്ചു. ആസാമിൽ മാത്രം 2024ൽ നായ്ക്കളുടെ കടിയേറ്റ ഒന്നര ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും തെരുവുനായ സംരക്ഷണത്തിനായി ഒരു സെന്റർ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഗുജറാത്തിൽ ഇത്തരം സെന്റർ ഉണ്ട് എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജാർഖണ്ഡിൽ 1.6 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന കണക്ക് സംസ്ഥാനം പെരുപ്പിച്ച കാണിക്കുന്നതായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെയും ഗോവയിലെയും ബീച്ചുകളിലെ തെരുനായ്ക്കളുടെ സാന്നിധ്യം വാദത്തിനിടയിൽ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ആത്യന്തികമായി വിനോദസഞ്ചാര മേഖലയെ ഇത് ബാധിക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വാദം ഇന്നും തുടരും.
Kerala
കൊച്ചി: തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച കോള്‍ സെന്ററിലേക്കു പരാതിപ്രവാഹം. വിവിധ ജില്ലകളില്‍നിന്നായി 472 പരാതികളാണു ലഭിച്ചത്. കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിൽനിന്നാണ് (151).
സംസ്ഥാനത്തു തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരാതികളും പ്രശ്നങ്ങളും വിളിച്ചറിയിക്കുന്നതിന് ഡിസംബര്‍ മൂന്നിനാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഓഫീസിലാണ് ഇതിന്റെ പ്രവര്‍ത്തനം. നായ്ക്കൾ കാരണം വഴി നടക്കാന്‍ പ്രയാസം, വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടമുണ്ടാക്കുന്നു, കുട്ടികളെയും പ്രായമുള്ളവരെയും പിന്നാലെ ചെന്നു കടിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ.
വിളിക്കുന്നവരില്‍ വലിയ ശതമാനവും പ്രായമായവരാണ്. കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറേറ്റിലേക്കാണു കൈമാറുന്നത്. അവിടെനിന്നു പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കൈമാറി വെറ്ററിനറി വിദഗ്ധരുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ആകെ ലഭിച്ച 472 പരാതികളില്‍ 12ഓളം പരാതികള്‍ പേവിഷബാധയുള്ള നായ്ക്കളെക്കുറിച്ചുള്ളവയായിരുന്നു. പേപ്പട്ടി ആക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളാണ് അറിയിക്കുന്നതെങ്കില്‍ കോള്‍ സെന്ററില്‍നിന്നു പോലീസ് സ്റ്റേഷനുകളിലും ഹെല്‍ത്ത് സെന്ററുകളിലും വിവരം കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.
2025 ൽ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2.49 ലക്ഷം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. 17 ഓളം പേർ മരിച്ചു. എന്നാല്‍ നായ്ക്കളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ കുറവും പിടികൂടുന്നവയെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകളുടെ അഭാവവുമാണ് തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധ
National
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി. തെരുവ് നായകളെ പിടികൂടാൻ പോയ മുൻസിപ്പൽ ജീവനക്കാരെ നായ സ്നേഹികളായ അഭിഭാഷകർ ആക്രമിച്ചത് എത്ര മോശകരമായ കാര്യമാണെന്നു കോടതി ചോദിച്ചു. തെരുവ് നായ്ക്കൾ പ്രത്യേകതരം വൈറസ് വാഹകരാണെന്നും കോടതി പരാമർശിച്ചു.
എന്നാൽ, പരിസ്ഥിതിയുടെ നിലനിൽപ്പിനും പാമ്പുകളെ പോലെയുള്ള ജീവികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതും നായ്കൾ കാരണമാണെന്നാണ് മൃഗസ്നേഹികളുടെ വാദം. അതിനാൽ തെരുവ് നായ്ക്കളെ നിലനിർത്തണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, നായകൾ ഒൻപതു വയസുള്ള കുട്ടിയെ ആക്രമിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്നും ഇവയ്ക്കു ഭക്ഷണം നൽകുന്ന സംഘടന ഉത്തരവാദിത്വം ഏറ്റടുക്കുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ തങ്ങൾ കണ്ണടച്ച് ഇരിക്കണോയെന്നും സുപ്രീംകോടതി ആരാഞ്ഞു. നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എബിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീംകോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾക്കു കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
District News
ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് അഞ്ചു പേരെ കടിച്ച പേവിഷബാധയുള്ള തെരുവുനായെ പിടികൂടി. തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനിടെ ഹരിപ്പാട് ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീക്കും കടിയേറ്റിട്ടുണ്ട്. ഹരിപ്പാട്ടെ ലോട്ടറിക്കച്ചവടക്കാരൻ ഉൾപ്പെടെ മറ്റു മുന്നു പേരെയും നായ കടിച്ചു . ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടും. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആറോളം തെരുവുനായ്ക്കൾ നഗരസഭയുടെ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് തെരുവുനായ മനുഷ്യനെ അക്രമിക്കാൻ തുടങ്ങിയത്. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വൂ ടിം അംഗം ചാർളി ഏബ്രഹാം വലയിൽ കുടുക്കിയ തെരുവുനായ രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പേവിഷബാധയെന്നു സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കുത്തിവയ്പു നൽകിയ നായയെ ക്ഷേത്രത്തിനു പിന്നിലെ പ്രത്യേക സ്ഥലത്ത് ബന്ധിച്ചു.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ ഏകദേശം പത്തിലധികം നായ്ക്കൾ വസിക്കുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ചിലർ ഇതിന് ആഹാരസാധനങ്ങൾ നൽകുന്നതു കാരണം നായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുകയാണ്. ഭക്തജനങ്ങളെ കടിച്ച നായയെ പിടികൂടുന്നതിനായി ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നഗരസഭയ്ക്കു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ എച്ച്ഐ മോഹൻകുമാർ, വൈസ് ചെയർമാൻ എം.ബി. അനിൽ മിത്ര, കൗൺസിലർ ഷിബു പഞ്ചവടി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പീയൂഷ് കലവറ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ പിടിക്കാനുള്ള നടപടി ആരംഭിച്ചത്.
ക്ഷേത്രത്തിലെത്തുന്നവരും വഴിയാത്രക്കാരും തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്നും അവശേഷിക്കുന്ന നായ്ക്കളെ പിടികൂടാനുള്ള അടിയന്തര നടപടി ഉടൻ ഉണ്ടാകുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
District News
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.
റോട്ടറി ഇന്റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന് ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
District News
ചെറുവത്തൂര്‍: തെരുവുനായയുടെ മൂക്കില്‍ മുള്ളന്‍പന്നിയുടെ മുള്ള് തറച്ചുകയറി. രക്ഷകരായി ഓട്ടോഡ്രൈവര്‍മാര്‍. ഇന്നലെ രാവിലെ ഏഴോടെ ചെറുവത്തൂര്‍ ടൗണിലായിരുന്നു സംഭവം. മൂക്കില്‍ തറച്ചുകയറിയ മുള്ളുമായി ഭക്ഷണം കഴിക്കാന്‍ പോലും പറ്റാതെ പ്രയാസപ്പെടുകയായിരുന്നു. സഹായത്തിനായി ഓട്ടോഡ്രൈവര്‍മാരുമായി അടുപ്പം കൂടി. കൈകൊണ്ട് മുള്ള് വലിച്ചൂരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പിന്നീട് കട്ടിംഗ് പ്ലെയറിന്റെ സഹായത്തോടെയാണ് മുള്ള് വലിച്ചൂരിയത്. മൂക്കിന് വലിയ പരിക്കില്ലാത്തതിനാല്‍ മൃഗാശുപത്രിയില്‍ കൊണ്ടുപോയില്ല. ഓട്ടോഡ്രൈവര്‍മാരായ പ്രേമരാജന്‍, അസീസ്, മുത്തലബ്, ശ്രീകാന്ത്, രാഘവന് എന്നിവരാണ് തെരുവുനായക്ക് രക്ഷകരായത്. ചെറുവത്തൂര്‍ പോലൊരു ടൗണ്‍ പ്രദേശത്ത് എങ്ങനെ മുള്ളന്പന്നിയെത്തിയെന്നതാണ് ഏവരെയും അമ്പരപ്പിച്ചത്.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു.
ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ഇറ്റലി സ്വദേശിനി ഫ്ളാബിയയ്ക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.
കാലിൽ കടിയേറ്റ ഇവർ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല. രണ്ട് നായകളാണ് ആക്രമിച്ചതെന്ന് വിദേശ വനിത പ്രതികരിച്ചു.
Kerala
വടക്കഞ്ചേരി: മുടപ്പല്ലൂർ ഗവ. ഹൈസ്കൂളിലെ മൂന്നാംക്ലാസുകാരനെയും നാട്ടുകാരെയും കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് കടിയേറ്റവരെല്ലാം കൃത്യമായ ചികിത്സയ്ക്കു വിധേയരാകണമെന്നു വെറ്ററിനറി അധികൃതർ നിർദേശം നൽകി.
ഏഴുവയസുകാരൻ ഉൾപ്പെടെ പ്രദേശത്തെ ഏതാനും നാട്ടുകാർക്കാണ് രണ്ടു ദിവസങ്ങളിലായി നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾവിട്ട സമയത്താണ് വിദ്യാർഥിയെ നായ കടിച്ചത്.
District News
ഇരുമ്പനം: ഇരുമ്പനത്ത് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇരുമ്പനം എച്ച്ഒസി ക്വാർട്ടേഴ്സിന് സമീപത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിയവർക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ആയിരുന്നു നായയുടെ ആക്രമണം. വാർഡ് കൗൺസിലറായ വള്ളി രവിക്ക് നേരെയും നായയുടെ ആക്രമണ ശ്രമം ഉണ്ടായി. മൂന്നു സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് തെരുവുനായ ആക്രമിച്ചത്.
ഇതിൽ നാല് പേർക്കാണ് കടിയേറ്റത്. പുരുഷന്മാരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചക്കകം തെരുവു നായ്ക്കളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നറിയിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും തെരുവുനായകളെ പേടിച്ച് റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജനങ്ങൾ.
National
ന്യൂഡൽഹി: ഹൈവേകളിലും എക്സ്പ്രസ് വേകളിലും കാണുന്ന കന്നുകാലികളെ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ അഥോറിറ്റിക്കും ഹൈവേ പട്രോളിംഗ് ടീമുകൾ വേണമെന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനായി എല്ലാ ഹൈവേകളിലും ഹെൽപ് ലൈൻ നന്പറുകൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ മൃഗങ്ങളെ ഗോശാലകളിലേക്കോ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. എട്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച പുരോഗതിയും സത്യവാങ്മൂലവും സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവുനായ്ക്കൾ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്പോർട്സ് കോംപ്ലക്സുകളും കണ്ടെത്തി എട്ടാഴ്ചയ്ക്കുള്ളിൽ മതിയായ വേലികൾ കെട്ടണം.
ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്മെന്റ് പരിസരത്തിന്റെ പരിപാലനത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കണം. പ്രാദേശിക മുനിസിപ്പൽ അധികാരികൾ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരം സ്ഥലങ്ങൾ പരിശോധിക്കണമെ ന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ജനുവരി 13ന് കോടതി വീണ്ടും പരിഗണിക്കും.
Kerala
കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവുനായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ചരിത്രപരമായ ഉത്തരവാണ് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുകയും പേവിഷ ബാധയേറ്റ് നിരവധി മരണങ്ങള് സംഭവിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി രാജ്യത്തിനാകെ മാകൃകയാകാന് സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
Kerala
ആലുവ: തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സാമൂഹ്യപ്രവർത്തകനും തെരുവുനായ വിമുക്തസംഘം സംസ്ഥാന ചെയർമാനുമായ ജോസ് മാവേലി. മനുഷ്യത്വപരവും സന്തോഷകരവുമായ ഉത്തരവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
റോഡില്‍നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും നീക്കണമെന്നും ഇതിനായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ ആക്രമണത്തിനെതിരേ ജനരക്ഷയ്ക്കായി പോരാടിയ തനിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകൾ എടുത്തിരുന്നു. ഇതിനു പുറമെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിയമപോരാട്ടത്തിനൊടുവിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ താൻ മേലാൽ ഇടപെടുകയില്ലെന്ന് സുപ്രീംകോടതിയിൽ മാപ്പപേക്ഷയും നൽകേണ്ടിവന്നുവെന്ന് ജോസ് മാവേലി പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു നീക്കണമെന്ന സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍.
പ്രായോഗികമായി ഇത് എത്രമാത്രം ചെയ്യാനാകുമെന്നതില്‍ സംശയമുണ്ട്. അത്ര അധികമാണ് തെരുവ് നായകളുടെ എണ്ണം. നാലു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയാണ് തെരുവുനായകളുടെ എണ്ണമെന്നു പറയുന്നു. ഇത്രയും തെരുവ് നായ്ക്കളെ എന്തുചെയ്യും. ഇത്രയും നായ്ക്കളെ വന്ധ്യംകരിക്കാന്‍ എത്ര ഡോക്ടര്‍മാര്‍ വേണ്ടിവരും. സര്‍ക്കാര്‍ പല കാര്യങ്ങള്‍ക്കും പ്രശസ്തരായ പല വക്കീലന്മാരെ കൊണ്ടുവന്നിട്ടുണ്ട്. ഈ വിഷയം വരുമ്പോള്‍ അത്തരത്തിലുള്ള വക്കീലന്മാരെ ആരെയും കാണാനില്ല.
അതേസമയം തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ടു വാദിക്കുന്നത് രാജ്യത്തെ തന്നെ പ്രഗദ്ഭരായ അഭിഭാഷകരാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കുന്ന വാക്സിന് ലോബിയാണ് അവരെ കൊണ്ടുവരുന്നത്.
1960- ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍ ആണ് ഒരു മൃഗത്തിനെതിരെയും ക്രൂ രത പാടില്ല എന്നു പറയുന്നത്. എന്നാല്‍ അതില്‍ സെക്ഷന്‍ 11-3 അനുസരിച്ച് കൊടുത്തിരിക്കുന്ന എക്സെംപ്ഷനില്‍ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നുപറയുന്നുണ്ട്. വാക്സിന് ലോബിയുടെ അഭിഭാഷകര്‍ വാദിച്ചാണ് എബിസി നിയമം അനുസരിച്ച് വന്ധ്യംകരിക്കാനേ പാടുള്ളൂ എന്നാക്കിത്തീര്ത്തത്.
വന്ധ്യംകരിച്ചതുകൊണ്ട് തെരുവ്നായ്ക്കളുടെ എണ്ണം കുറയാന്‍ പോകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നല്ല വക്കീലിനെവച്ച് യാഥാര്‍ഥ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
Kerala
ചങ്ങനാശേരി: വെരൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ. ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള്‍ വളപ്പില്‍വച്ച് നാലുവയസുകാരനായ വിദ്യാര്‍ഥിക്കു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു.
കുട്ടിയെ നായ ആക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തേജസ് ഓടിയെത്തിയപ്പോള്‍ സിസ്റ്ററെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില്‍ കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള്‍ നായ വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി. ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ ആക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.
നായ ആക്രമിച്ച മൂന്നു കുട്ടികളെയും ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ മൂന്ന് അധ്യാപകരേയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവയ്പെടുത്തു. കൂടുതല്‍ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റാബിസ് ക്ലിനിക്കിലെത്തിച്ച് വിദഗ്ധ പരിശോധനയും കൗണ്‍സലിംഗും നടത്തി.
സ്കൂളിലെ ആക്രമണത്തിനുശേഷം വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിയ നായ അവിടെ തൊഴിലുറപ്പ് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പുതുച്ചിറ മുട്ടുചിറമറ്റം തങ്കമ്മ കുമാരന് (53)നെയും കടിച്ചു. തങ്കമ്മയെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് വാക്സിനേഷന് നടത്തി.
അക്രമകാരിയായ നായയെ ചത്ത നിലയിൽ കണ്ട ത്തി. പിന്നീട് മൃഗസംരക്ഷണ വിഭാഗത്തിനു കൈമാറി. തിരുവല്ല മഞ്ഞാടിയിലുള്ള ലാബില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.
Kerala
വടക്കഞ്ചേരി: ടൗണിനടുത്ത് തിരുവറ റോഡിൽ പുളിപറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയെ തെരുവുനായ കടിച്ചുവലിച്ച് ഗുരുതരമായ പരിക്കേറ്റു.
പുളിപറമ്പ് പെരിയപ്പുവിന്റെ ഭാര്യ വിശാലത്തിനാണ് (55) കടിയേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷംജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുമുന്നിൽ ഇറയത്തെ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം. ഓടിയെത്തിയ തെരുവുനായ ഇവരുടെ ഇടതുകൈയിൽ കടിച്ചുവലിക്കുകയായിരുന്നു.
മാംസം ഇളകി എല്ലുകൾ പുറത്തേക്കുതള്ളിയ നിലയിലായി. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് നായയെ കല്ലെറിഞ്ഞുമാറ്റി വിശാലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
നാട്ടിൽ ഭീതിപരത്തി ഓടിനടന്ന നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.